റിയാദ്: മേഖലയിലെ പുതിയ സംഭവവികാസങ്ങൾ വിലയിരുത്തുന്നതിനായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടും റിയാദിൽ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച നടന്ന ഔദ്യോഗിക സ്വീകരണത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. സൗഹൃദ രാജ്യങ്ങളായ സൗദിയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നിലവിലെ പുരോഗതി യോഗം വിലയിരുത്തി. ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ മുൻനിർത്തി സഹകരണം മെച്ചപ്പെടുത്തുന്നതിനും, സാമ്പത്തിക-നയതന്ത്ര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള വിവിധ മാർഗങ്ങൾ ചർച്ചയായി. അന്താരാഷ്ട്ര തലത്തിലും മേഖലയിലുമുണ്ടാകുന്ന മാറ്റങ്ങൾ ആഗോള സുരക്ഷയെയും സ്ഥിരതയെയും എപ്രകാരം ബാധിക്കുന്നു എന്ന കാര്യത്തിൽ ഇരുമന്ത്രിമാരും ആശയവിനിമയം നടത്തി. വിദേശകാര്യ മന്ത്രാലയത്തിലെ പ്രമുഖ ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമായി. വിദേശകാര്യ മന്ത്രാലയ ഉപദേഷ്ടാവ് അമീർ ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്, ലെബനൻ കാര്യങ്ങൾക്കായുള്ള പ്രത്യേക ഉപദേഷ്ടാവ് അമീർ യസീദ് ബിൻ മുഹമ്മദ് ബിൻ ഫഹദ് അൽ ഫർഹാൻ എന്നിവർ പങ്കെടുത്തു. കൂടാതെ, രാഷ്ട്രീയ കാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സൗദ് അൽ സാതി, യൂറോപ്യൻ അഫയേഴ്സ് ഡയറക്ടർ ജനറൽ അംബാസഡർ അബ്ദുറഹ്മാൻ അൽ അഹമ്മദ് എന്നിവരും ചർച്ചകളിൽ സാന്നിധ്യമറിയിച്ചു. സൗദി-ഫ്രഞ്ച് സഹകരണം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ സന്ദർശനം ഊന്നൽ നൽകുന്നു.
2026-04-30 14:06:49